നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്റെ ഭാര്യ അറസ്‌റ്റിൽ

By News Desk, Malabar News
nilambur murder
Ajwa Travels

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്‌റ്റിൽ. ഫസ്‌നയെ വയനാട്ടിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവർക്ക് കൂട്ടകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു എന്നും പോലീസ് പറയുന്നു.

മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്‌റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിൽസാ വിദഗ്‌ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്.

വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്‌റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്‌ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിക്കുകയായിരുന്നു.

മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളാൻ ഷൈബിൻ അഷ്‌റഫ് കൂട്ടുകാരുടെ സഹായം തേടി. ഇവർക്ക് പ്രതിഫലം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തെങ്കിലും നൽകിയില്ല. 2022 ഏപ്രിൽ 24ന് ഈ കൂട്ടുപ്രതികൾ ഷൈബിൻ അഷ്‌റഫിനെ ബന്ദിയാക്കി പണം കവർന്നു. വൈദ്യന്റെ മൃതദേഹം വെട്ടിമുറിക്കാൻ സഹായിച്ചവരും അവരുടെ കൂട്ടാളികളും ആയിരുന്നു കവർച്ചക്ക് പിന്നിൽ. പരാതിയുമായി ഷൈബിൻ പോലീസിനെ സമീപിച്ചു. ഇതോടെ കവർച്ചക്കേസിലെ പ്രതികളായ മൂന്നു പേർ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്‌മഹത്യാ ഭീഷണി മുഴക്കി. ജീവൻ അപകടത്തിലാണെന്നും ഷൈബിനിൽനിന്ന് വധഭീഷണി ഉണ്ടെന്നും ഇവർ പറഞ്ഞു.

പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ കൊലപാതക രഹസ്യം ഇവർ വെളിപ്പെടുത്തി. ഇവർ നൽകിയ പെൻഡ്രൈവിൽ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടി. മുഖ്യ പ്രതി ഷെബിന്‍ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ് , നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവര്‍ അറസ്‌റ്റിലായി. കേസ് ജയിക്കുമെന്നാണ് മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഇപ്പോഴും പറയുന്നത്. തെളിവെടുപ്പിന് ശേഷം മടക്കി കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.

Most Read: വിലക്ക് മറികടന്ന് പാർലമെന്റിൽ പ്രതിഷേധം; നാല് എംപിമാർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE