തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. റിസൾട്ട് നാളെ രാവിലെ 11 മണിയോടെ ഹയർസെക്കണ്ടറി വെബ്‌സൈറ്റിൽ ലഭ്യമാകും. സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 18 വരെയായിരുന്നു ഒന്നാംവർഷ ഹയർ സെക്കണ്ടറി പരീക്ഷ നടന്നത്. വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ ഒക്‌ടോബർ 13 വരെയാണ് നടന്നത്.
അതേസമയം, സംസ്‌ഥാനത്ത് പ്‌ളസ് വണ്ണിന് അധിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. ഏഴ് ജില്ലകളിൽ നിന്ന് 50 അധിക ബാച്ചുകൾ താൽകാലികമായി അനുവദിക്കണെമന്നാണ് ശുപാർശ.
എസ്‌എസ്‌എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പോലും പ്ളസ് വണ്ണിന് അഡ്‌മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നത്. ആദ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും അലോട്മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്ത് നിൽക്കുന്ന സാഹചര്യം ഉണ്ടായതോടെ പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് 50 ബാച്ചുകൾ കൂടി അനുവദിക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
Also Read: മുല്ലപ്പെരിയാറിലെ മരംമുറി; അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ