മലപ്പുറം: കാളികാവ് പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി. എസ്‌റ്റേറ്റിലെ ഒരേ സ്‌ഥലത്താണ് മൂന്നാം ദിവസവും കടുവ ഇറങ്ങിയത്. ഇവിടെ കടുവയെ പിടികൂടാൻ കെണി സ്‌ഥാപിച്ചിരുന്നെങ്കിലും കടുവ പിടികൊടുത്തില്ല. കെണിക്ക് സമീപം ബാക്കിവെച്ച പന്നിയെ പൂർണമായി തിന്നിട്ടാണ് കടുവ മടങ്ങിയത്. ഇതോടെ നാട്ടുകാരെല്ലാം ഭീതിയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് പന്നിയെ കൊന്നു തിന്ന് പാതി ഉപേക്ഷിച്ച് കടുവ കാടുകയറിയത്. എന്നാൽ, ബുധനാഴ്‌ച വീണ്ടും എത്തി അതേ പന്നിയുടെ മുക്കാൽ ഭാഗവും ഭക്ഷിച്ചു. അവിടെ തന്നെ മറ്റൊരു പന്നിയെ കൊന്നിടുകയും ചെയ്‌തിരുന്നു. ഇതോടെയാണ് വനംവകുപ്പും എസ്‌റ്റേറ്റ് മാനേജ്മെന്റും ചേർന്ന് സ്‌ഥലത്ത് കെണിയൊരുക്കിയത്. എന്നാൽ, വ്യാഴാഴ്‌ച രാത്രി മൂന്നാമതും സ്‌ഥലത്തെത്തിയ കടുവ കൊന്നിട്ട പന്നിയെ പൂർണമായും ഭക്ഷിച്ചു കടന്നുകളയുകയീയിരുന്നു.
മൂന്ന് ദിവസം തുടർച്ചയായി ഒരേ സ്‌ഥലത്ത് തന്നെ കടുവ ഇറങ്ങുന്നത് നാട്ടുകാരെയും എസ്‌റ്റേറ്റ് തൊഴിലാളികളെയും ഭീതിയിലാക്കുകയാണ്. ഇതിനിടെ വ്യാഴാഴ്‌ച കല്ലാമൂല ഭാഗത്തും കടുവയുടെ കാൽപ്പാടുകളും അടയാളങ്ങളും കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
Most Read: നിലപാടിൽ മാറ്റമില്ലാതെ ഗവർണർ; സർക്കാരിനെതിരെ രൂക്ഷ വിമർശനം