തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്‌ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി. വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലാതെ വിമര്‍ശനം തുടരുകയാണ് ഗവര്‍ണര്‍.
‘സംസ്‌ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. തനിക്ക് സ്‌ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്‌ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
അതേസമയം വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയറിയിച്ച് പ്രതിപക്ഷം രംഗത്തെത്തി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചൂണ്ടിക്കാട്ടി.
കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിസി നിയമനങ്ങളിലാണ് ഗവര്‍ണറുടെ അതൃപ്‌തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്‌തി പരസ്യമാക്കിയ ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞു തരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു.
Read Also: മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു