പാലക്കാട്: അപകട ഭീഷണിയെ തുടർന്ന് കേശവൻപാറ വ്യൂ പോയന്റിൽ സുരക്ഷാവേലി നിർമിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് കേന്ദ്രത്തിലേക്ക് എത്തിയിരുന്നത്. സഞ്ചാരികളുടെ സാഹസിക പ്രവൃത്തികൾ അപകടങ്ങൾക്ക് ഇടയാക്കിയതോടെയാണ് കേശവൻപാറയിൽ വേലികെട്ടി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മരക്കൊമ്പുകൾ ഉപയോഗിച്ചാണ് വേലി നിർമിച്ചിരിക്കുന്നത്.
ഒരുവർഷത്തിനിടെ മൂന്ന് അപകടങ്ങളിലായി നാലുപേർ മരിച്ചതോടെയാണ് സുരക്ഷാവേലി നിർമാണവും വനപാലകരുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ പരിശോധനയും ശക്‌തമാക്കിയത്. വ്യൂ പോയന്റിലെ പാറയിൽ നിന്ന് കുത്തനെ ഇറങ്ങുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡും സ്‌ഥാപിച്ചിട്ടുണ്ട്. നേരത്തേ സീതാർകുണ്ഡിലും അപകടം ഉണ്ടായതിനെ തുടർന്ന് വേലികെട്ടി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതേസമയം, രണ്ടാഴ്‌ച മുൻപ് മഴ ശക്‌തമായതോടെ കേശവൻപാറയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്നാണ് സുരക്ഷാവേലി അടക്കമുള്ളവ നിർമിച്ചത്. നെല്ലിയാമ്പതി ചുരം പാതയും, പോത്തുണ്ടി അണക്കെട്ടും കുതിരാൻ മലവരെയുള്ള പാലക്കാടിന്റെ കാഴ്‌ചയും കോടമഞ്ഞും കേശവൻപാറ വ്യൂ പോയന്റിന്റെ പ്രത്യേകതകളാണ്.
Most Read: ക്‌ളാസുകൾ ഉച്ചവരെ, ശനിയാഴ്‌ച പ്രവർത്തി ദിവസം; സ്‌കൂൾ തുറക്കൽ മാർഗരേഖ ഇന്ന്