തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കൽ മാർഗരേഖ ഇന്ന് പുറത്തിറക്കിയേക്കും. സർക്കാർ ഉത്തരവും അതേത്തുടർന്ന് വിശദാംശങ്ങൾ ഉൾപ്പെടുന്ന കൈപുസ്‌തകവും പ്രസിദ്ധീകരിക്കും. സ്‌കൂളുകൾ ഉച്ചവരെ മാത്രമാകും ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. ഒരേ സമയം മൂന്നിലൊന്ന് കുട്ടികൾ എന്ന രീതിയിൽ ഷിഫ്‌റ്റ് ക്രമീകരിക്കും.
ആവശ്യമുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനും തീരുമാനമായിട്ടുണ്ട്. ഇതിനായി എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും. അതാത് സ്‌കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാകും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
ശനിയാഴ്‌ച അടക്കമുള്ള ദിവസങ്ങൾ സ്‌കൂളുകൾക്ക് പ്രവർത്തി ദിവസമായിരിക്കും. ഉച്ച വരെയാണ് ക്‌ളാസുകൾ ഉണ്ടായിരിക്കുക. എൽപി സ്‌കൂളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന തോതിലായിരിക്കും വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കുക. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌കുകൾ തുറക്കും.
കൂടാതെ, ആരോഗ്യ സുരക്ഷാ ഡോക്‌ടറുടെ സേവനം, സിക്ക് റൂം സജ്‌ജീകരണം എന്നിവയും മാർഗരേഖയിലുണ്ട്. ഇതിനെ അടിസ്‌ഥാനമാക്കി ജില്ലാ കളക്‌ടർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
Also Read: സംസ്‌ഥാനത്ത് ഇരുചക്ര വാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു