താലിമാല വിറ്റ് പണം എത്തിക്കണം; കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും അറസ്‌റ്റിൽ

By Trainee Reporter, Malabar News
malabarnews-bribe
Rep. Image
Ajwa Travels

കാസർഗോഡ്: പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും വിജിലൻസിന്റെ പിടിയിൽ. കാസർഗോഡ് ചീമേനി വില്ലേജ് ഓഫിസർ കരിവെള്ളൂരിലെ കെവി സന്തോഷ് (49), ഫീൽഡ് അസിസ്‌റ്റന്റ് മാതമംഗലം കെസി മഹേഷ് എന്നിവരാണ് അറസ്‌റ്റിലായത്. വിജിലൻസ് ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

പെരിയങ്ങാനം മന്ദച്ചംവയലിലെ നിഷ നൽകിയ പരാതിയിലാണ് നടപടി. നിഷയുടെ മുത്തശ്ശി ലക്ഷ്‍മി നികുതി അടച്ചിരുന്ന മന്ദച്ചംവയലിലെ അരയേക്കർ സ്‌ഥലത്തിന് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫിസറും കൂട്ടാളിയും കൈക്കൂലി ആവശ്യപ്പെട്ടത്. 2019ൽ നിഷയുടെ അച്ഛൻ ടി നാരായണനും പട്ടയത്തിനായി അപേക്ഷ നൽകിയിരുന്നു. ഈ വർഷം ആദ്യം നാരായണൻ മരിച്ചു. ശേഷം അപേക്ഷയുമായി നിഷ വില്ലേജ് ഓഫിസിൽ എത്തുകയായിരുന്നു.

പട്ടയം നൽകണമെങ്കിൽ ഒന്നര ലക്ഷം രൂപ നൽകണമെന്നായിരുന്നു വില്ലേജ് ഓഫിസറുടെ ആവശ്യം. എന്നാൽ, അത്രയും തുക നൽകാനാകില്ലെന്ന് അറിയിച്ചതോടെ 50,000 നൽകിയാൽ മതിയെന്നായി. പിന്നീട് 25,000 ആക്കി കുറച്ചു. താലിമാല മാത്രമാണ് ഉള്ളതെന്ന് അറിയിച്ചപ്പോൾ അത് വിറ്റ് പണം കൊണ്ടുവരണമെന്നായിരുന്നു വില്ലേജ് ഓഫിസറുടെ നിർദ്ദേശമെന്ന് നിഷ പറയുന്നു. എൻഡോസൾഫാൻ ദുരിതബാധിതനാണ് നിഷയുടെ മകൻ. ഭർത്താവ് ആശാരി പണിക്കാരനും.

ഭൂമിയളന്ന് സ്‌കെച്ചടക്കം തയ്യാറാക്കിയെങ്കിലും ഇതിനിടെ വില്ലേജ് ഓഫിസർക്ക് സ്‌ഥലം മാറ്റ ഉത്തരവ് വന്നു. സ്‌ഥലം മാറിപ്പോകുന്നതിന് മുൻപ് പട്ടയം അനുവദിക്കാമെന്ന് വില്ലേജ് ഓഫിസർ സന്തോഷ് അറിയിച്ചതിനെ തുടർന്നാണ് നിഷ പണവുമായി വെള്ളിയാഴ്‌ച ഓഫിസിൽ എത്തിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം നേരത്തെ തന്നെ വിജിലൻസിനെ അറിയിച്ചിരുന്നു. വിജിലൻസ് സംഘം നൽകിയ 10,000 രൂപയുമായി നിഷ വൈകിട്ട് നാല് മണിക്ക് വില്ലേജ് ഓഫിസിൽ എത്തി. പണം കൈമാറുന്നതിനിടെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെയും മഹേഷിനെയും അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി.

Most Read: ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE