ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘നാരദന്റെ’ റിലീസ് മാറ്റി. കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമൈക്രോൺ വ്യാപനവുമാണ് റിലീസ് മാറ്റാൻ കാരണം.
ചിത്രം ജനുവരി 27ന് തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് ഭീഷണി ഉയർന്നതോടെ റിലിസ് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഉണ്ണി ആർ ആണ്.
2021ലെ തന്റെ ഏറ്റവും മികച്ച സൃഷ്‌ടിയാണ് ‘നാരദൻ’ എന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ ഇൻസ്‌റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. സമകാലിക ഇന്ത്യയിലെ മാദ്ധ്യമ ലോകത്തെ അടിസ്‌ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ രണ്ട് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് ടൊവിനോ എത്തുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രഞ്‌ജി പണിക്കർ, രഘുനാഥ് പാലേരി, ദീപൻ ശിവരാമൻ, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ജാഫർ സാദിഖ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സൈജു ശ്രീധരനാണ്. സംഗീത സംവിധാനം ഡിജെ ശേഖർ മേനോനും ഒറിജിനൽ സൗണ്ട് ട്രാക്ക് നേഹ, യാക്‌സൺ പെരേര എന്നിവരുമാണ് ഒരുക്കിയിരിക്കുന്നത്.
Most Read: ജോക്കോവിച്ചിന് തിരിച്ചടി; വിസ റദ്ദാക്കി, ഓസ്‌ട്രേലിയൻ ഓപ്പൺ നഷ്‌ടമാവും