ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്ര സർക്കാർ വിശദീകരണം തേടി. ഐഎഫ്എസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കേന്ദ്രം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്ര ഫോറസ്‌റ്റ് ഐജിയെ സർക്കാർ കൃത്യമായി അറിയിച്ചിരുന്നില്ല. സസ്‌പെൻഡ് ചെയ്‌ത വിവരം 48 മണിക്കൂറിനുള്ളിൽ അറിയിച്ചിരിക്കണം എന്നാണ് ചട്ടം. എന്നാൽ വിവരം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ് എന്ന് കേന്ദ്രം പറഞ്ഞു.
30 ദിവസത്തിലധികം സസ്‌പെൻഷൻ നീളുകയാണെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. അതിലേറെ നീളുകയാണെങ്കിൽ വേറെയും അനുമതി വാങ്ങണമെന്നിരിക്കെ പ്രാഥമിക നടപടി പോലും സംസ്‌ഥാന സർക്കാർ പാലിച്ചിട്ടില്ല. മരംമുറി വിവാദത്തിൽ ഏറെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതിന് ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്‌തത്.
Most Read: മോഫിയയുടെ ആത്‌മഹത്യ; സുധീറിനെതിരെ വീണ്ടും പരാതി