കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ മാതാവ് സുബിന മുംതാസിനെ (31) നാദാപുരം പോലീസ് കസ്‌റ്റഡിയിൽ വാങ്ങി. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് പ്രതിയെ നാദാപുരം കോടതിയുടെ അനുമതിയോടെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്. നാല് ദിവസത്തേക്കാണ് കസ്‌റ്റഡി കാലാവധി. ആരോഗ്യ പരിശോധനയ്‌ക്ക് ശേഷമാണ് പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സുബിന തന്റെ ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് സുബിനയെ രക്ഷപെടുത്തിയെങ്കിലും രണ്ട് കുട്ടികളും മരിച്ചിരുന്നു. മൂന്ന് വയസുള്ള മുഹമ്മദ് റസ്‌വിൻ, ഫാത്തിമ റൗഹ എന്നിവരാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് സുബിന കിണറ്റിൽ ചാടിയത്. തുടർന്ന് 11 മണിയോടെ ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ സുബിന കിണറ്റിലെ പൈപ്പിൽ പിടിച്ചു നിൽക്കുകയായിരുന്നു.
പിന്നീട് സുബിനയെ രക്ഷപെടുത്തി നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് അറസ്‌റ്റ് ചെയ്‌ത് റിമാൻഡിലായ പ്രതിയെ മഞ്ചേരിയിലെ ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെ ശക്‌തമായ സുരക്ഷയിൽ സുബീനയെ കൊലപതാകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുത്തിരുന്നു. വരും ദിവസങ്ങളിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. നാദാപുരം പോലീസ് ഉദ്യോഗസ്‌ഥൻ ഇവി ഫായിസ് അലിയാണ് കേസ് അന്വേഷണം നടത്തുന്നത്.
Most Read: സംസ്‌ഥാനത്ത് മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്