ഉപ്പള: മംഗല്‍പാടി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഈ മാസം 22 ന് ആരംഭിക്കും. ആരോഗ്യ സേവനങ്ങള്‍ക്ക് മംഗളൂരു, കാസര്‍ഗോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വരുന്ന വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ പി.ബി അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. വൈദ്യുതീകരണം, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, ജനറേറ്റര്‍, പ്ലംബിങ്, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ കൂടി നല്‍കിയിരുന്നു. കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഡയാലിസിസ് യൂണിറ്റ് നിര്‍മിച്ചത്. 2.55 കോടി രൂപയാണ് ആകെ ചെലവ്.
ബിപിഎല്‍, എസ് സി, എസ് ടി തുടങ്ങിയ പിന്നോക്ക വിഭാഗക്കാര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്. നിലവില്‍ ബ്ലോക്ക് പഞ്ചായത്തിലുള്ള 150 വൃക്കരോഗികള്‍ ചികിത്സക്കായി ആഴ്‌ചയില്‍ മൂന്ന് പ്രാവശ്യം കാസര്‍ഗോഡ്, മംഗളൂരു ഭാഗത്തുള്ള സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മംഗല്‍പാടി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ 3 ഷിഫ്റ്റുകളിലായി 90 പേര്‍ക്ക് സേവനം ലഭ്യമാകും. 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക.
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള മഞ്ചേശ്വരം ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പ് ചുമതല. മുന്‍ എംഎല്‍എയുടെ സ്മരണക്കായി പി.ബി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ എന്ന പേരിലാണ് യൂണിറ്റ് അറിയപ്പെടുക.