ചെന്നൈ: സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ 400ലേറെ സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്.
‘തേനിസൈ തെൻട്രൽ’ എന്നായിരുന്നു അദ്ദേഹത്തെ ആരാധകരും സിനിമാലോകവും വിശേഷിപ്പിച്ചിരുന്നത്. ചെന്നൈയിലെ മൈലാപ്പുരിൽ 1950ലായിരുന്നു ജനനം. തനതായ ഈണങ്ങൾ, നാടൻ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള സംഗീതം എന്നിവയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നിരവധി ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങളാലപിക്കുകയും ചെയ്തിട്ടുണ്ട്.
1980കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് സിനിമയിൽ പ്രശസ്തനായത്. അണ്ണാമലൈ, ബാഷ, കാതൽ കോട്ടൈ, വാലി, ഖുഷി, നിനൈത്തേൻ വന്തായി, പ്രിയമുടൻ, വാലി തുടങ്ങിയവയാണ് ദേവ സംഗീത സംവിധാനം ചെയ്ത ഹിറ്റ് സിനിമകൾ. ദ് പ്രിൻസ്, ഫാന്റം, കിങ് സോളമൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ദേവ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഒട്ടേറെ നാടൻ പാട്ടുകളും ദേവയുടെ സംഗീത സംവിധാനത്തിൽ പിറന്നിട്ടുണ്ട്.
തമിഴ്നാട് സർക്കാറിന്റെ കലൈമാണി അവാർഡ് ഉൾപ്പടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ‘ആസൈ’ എന്ന ചിത്രത്തിലെ പ്രവർത്തനത്തിന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ശ്രീകാന്ത് ദേവ മകനാണ്. സബേഷ്, മുരളി എന്നിവരാണ് മറ്റ് മക്കൾ.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം



































