പാലക്കാട്: വാളയാർ ചെക് പോസ്‌റ്റിൽ കൈക്കൂലി പിടിച്ചു എന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ (Walayar Check Post Bribery Video Fake) പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ യാഥാർഥ്യമാണ്. എന്നാൽ, വിഷയം വാളയാർ ചെക് പോസ്‌റ്റിലെ കൈക്കൂലിയല്ല.
പുതുപ്പള്ളിയിലെ ഉപ തിരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായ ചില സാമൂഹിക മാദ്ധ്യമങ്ങളും വാട്‌സാപ്പ് ഗ്രൂപ്പുകളും പ്രചരിപ്പിക്കുന്ന വീഡിയോ കുഴൽപ്പണ വേട്ടയുമായി ബന്ധപ്പെട്ടതാണ്. വീഡിയോയിൽ ഉള്ളത് പെരുമ്പാവൂർ സ്വദേശി താനാജി യശ്വന്ത് യാംഗർ (58) എന്നയാളാണ്.
മലയാളിയും വേറിട്ട പേരിനു ഉടമയുമായ ഇയാൾ കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ഇയാൾ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന ഇരുപത്തിനാല് ലക്ഷത്തിലധികം (24,78,500) രൂപ വാളയാർ ചെക് പോസ്‌റ്റിലാണ് പിടിച്ചെടുത്തത്. വസ്‌ത്രത്തിലെ പ്രത്യേക അറകളിലാണ് ഇയാൾ 24 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്.
ഇയാളെയും തൊണ്ടി മുതലും ചെക് പോസ്‌റ്റ് ഉദ്യോഗസ്‌ഥർ പിന്നീട് വാളയാർ പോലീസിന് കൈമാറിയിരുന്നു. താനാജി പറയുന്നതനുസരിച്ച്, ഇത് രേഖകൾ ഉള്ള പണമാണ്. മറ്റുചിലരുടെ ബിസിനസുമായി ബന്ധപ്പെട്ട്, വിവിധ സ്‌ഥലങ്ങളിൽ നിന്നുള്ള കളക്ഷൻ ആണെന്നും ബാഗിൽ കൊണ്ടുവരാനുള്ള ഭയംകൊണ്ടാണ് ഈ രീതി സ്വീകരിക്കുന്നതെന്നും ഇതിന്റെ ഉടമസ്‌ഥർ രേഖകൾ ഹാജരാക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ കൈവശം രേഖകൾ ഉണ്ടായിരുന്നില്ല എന്നതിനാലാണ് തുടർ നടപടിക്കായി ഇയാളെ പൊലീസിന് കൈമാറിയത്.
ഇയാള്‍ പതിവായി എറണാകുളത്തേക്ക് കുഴല്‍പ്പണം കടത്തുന്ന ആളായിരിക്കണം എന്നാണ് പോലീസും എക്‌സൈസും സംശയിക്കുന്നത്. സുരക്ഷിതമായി പണമെത്തിച്ചാല്‍ അയ്യായിരം രൂപയായിരുന്നു പാരിതോഷികം എന്നും ഇയാൾ പറഞ്ഞതായി പോലീസ് പറയുന്നു. ലക്ഷങ്ങള്‍ കടത്തുന്നതിന് ഇത്രയും ചെറിയ തുക കിട്ടിയാല്‍ മതിയോ എന്ന ചോദ്യത്തിന് ഒരുമാസത്തില്‍ കഴിയാവുന്നത്ര തവണ വാളയാര്‍ അതിര്‍ത്തി കടന്ന് പണവുമായി പോവാറുണ്ടെന്നാണ് ഇയാളുടെ മറുപടിയെന്നും പോലീസ് പറയുന്നു.
ഓഗസ്‌റ്റ് 9നു നടന്ന സംഭവത്തിലെ ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് എതിരെ കേരള എക്‌സൈസ് വകുപ്പുതന്നെ രംഗത്തുവന്നിരുന്നു. ഇതിനെതിരെ ഔദ്യോഗിക ഫേസ്ബുക് പേജിൽ ഓഗസ്‌റ്റ് 11നു അറിയിപ്പും നൽകിയിരുന്നു. എന്നാൽ, വാട്‌സാപ്പ് സർവകലാശാലകളിൽ മാത്രം ജീവിക്കുന്ന, അവിടെ വരുന്ന വാർത്തകളും വീഡിയോകളും ആയിരിക്കും സത്യമെന്നു കരുതുകയും അതു പരിചരിപ്പിക്കുകയും ചെയ്യുന്ന ആളുകൾക്കിടയിൽ ഈ വീഡിയോ സംസ്‌ഥാന സർക്കാരിന്റെ പിടിപ്പുകേടിനും അഴിമതിക്കും തെളിവായാണ് പ്രചരിപ്പിക്കുന്നത്.
താനാജിയെ പിടിച്ച സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്‌ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പിഎം, അർജുനൻ ടിആർ, സുദർശൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നാസർ എൻ, വിവേക് എൻഎസ്, ശരവണൻ പി, സുനിൽ ബി, യൂനസ്, ഡ്രൈവർ സെൽവകുമാർ എന്നിവരും ഉണ്ടായിരുന്നു.
TECHNOLOGY | വ്യാജ വാർത്തകൾ; 8 പ്രമുഖ യൂട്യൂബ് ചാനലുകൾക്ക് പൂട്ട്