വയനാട്: ജില്ലയിലെ ദേവർഷോല പഞ്ചായത്തിൽ അറുതിയില്ലാതെ കാട്ടാനശല്യം. കഴിഞ്ഞ ദിവസം കമയക്കൊല്ലിയിലെ ആദിവാസി കോളനിയിൽ രണ്ട് വീടുകൾ തകർത്തതിന് പിന്നാലെ ഇന്നലെ വീണ്ടും കാട്ടാനകൾ വീട് തകർത്തു. അമ്പലമൂലയിലെ വനാതിർത്തിയിലുള്ള ശിവശങ്കരന്റെ വീടാണ് ഇന്നലെ പുലർച്ചയോടെ കാട്ടാനകൾ തകർത്തത്.
വീടിന്റെ അടുക്കളഭാഗവും വാതിലും കാട്ടാനകൾ തകർത്തു. ശബ്‌ദം കേട്ട് ഉണർന്ന വീട്ടുകാർ ഇരുട്ടിൽ കാട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ആനകളെ കാട്ടിലേക്ക് തുരത്തി.
ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ കാട്ടാനകൾ തകർത്ത കെട്ടിടങ്ങളുടെ എണ്ണം 16 ആയി ഉയർന്നു. ഇവയിൽ 12 എണ്ണം വീടുകളാണ്. സംഭവത്തെ തുടർന്ന് വനപാലകരും, റവന്യു ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്നും, ഇത് സംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം എടുക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ഒമൈക്രോൺ; ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം; പരാതി നൽകി