കോഴിക്കോട്: കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. കോഴിക്കോട് ആസ്‌റ്റർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവി ഡോ. പിപി വേണുഗോപാലിന്റെ പേരിലാണ് അജ്‌ഞാതർ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോക്‌ടർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
കോവിഡിന്റെ രണ്ടാം തരംഗത്തേക്കാൾ അപകടകരമാണ് മൂന്നാം തരംഗമെന്നും കൂടുതൽ ജാഗ്രത വേണമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഡോക്‌ടറുടെ സന്ദേശം എന്ന പേരിൽ ഇത് വാർത്തയാക്കി നൽകുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത് തന്റെ അറിവോടെയല്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഡോക്‌ടർ പറഞ്ഞു.
നേരത്തെയും പിപി വേണുഗാപാലിന്റെ പേരിൽ നവ മാദ്ധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സമയത്ത് ഇംഗ്ളീഷിലും മലയാളത്തിലുമായിരുന്നു സന്ദേശം പ്രചരിപ്പിച്ചിരുന്നത്. അന്നും ഡോക്‌ടർ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.
Most Read: ചീങ്കണ്ണിപ്പാലി റോപ് വേ പൊളിച്ചുനീക്കാൻ അന്ത്യശാസന; വീഴ്‌ച വരുത്തിയാൽ പിഴ