അതിഥി തൊഴിലാളിയായ യുവതിക്ക് ‘കനിവിൽ’ സുഖ പ്രസവം

By Desk Reporter, Malabar News
woman gives birth in kaniv 108 ambulance
കനിവ് 108 ആംബുലൻസ് പൈലറ്റ് മോൻസൻ പി സണ്ണി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആഷ്‌ലി ജോസഫ്
Ajwa Travels

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയായ, ഇടുക്കി രാജാക്കാട് ആനപ്പാറയിൽ താമസിക്കുന്ന ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജൻമം നല്‍കിയത്.

അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഇടപെടലിലൂടെ അമ്മയുടെയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ചൊവ്വാഴ്‌ച രാത്രി 10.30നാണ് സംഭവം. ഹേമാവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിർദ്ദേശാനുസരണം ഉടന്‍ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ സ്‌ഥലത്തേക്ക് തിരിച്ചു.

സ്‌ഥലത്തെത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധനയില്‍ ഹേമാവതി തീരെ അവശയാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടര്‍ന്ന് ഇതിനു വേണ്ട സജ്‌ജീകരണങ്ങള്‍ ഒരുക്കുകയും ഹേമാവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്‌തു.

അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് സമീപത്ത് കണ്ട ഒരു ക്ളിനിക്കിലേക്ക് ആംബുലന്‍സ് കയറ്റുകയും ചെയ്‌തു. എന്നാല്‍ ഡോക്‌ടർ എത്തുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സിനുള്ളില്‍ വെച്ച് 11 മണിയോടെ ആഷ്‌ലിയുടെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജൻമം നല്‍കി.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രന്‍ അമ്മക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്.

Most Read:  കുപ്പത്തൊട്ടിയിൽ ഏഴര ലക്ഷം രൂപയുടെ സ്വർണം; ഉടമയ്‌ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE