ന്യൂയോര്‍ക്ക്: ലോകത്ത് 12.28 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത്. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിൽസയിലുള്ളത്. അതേസമയം കോവിഡിനെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 27 ലക്ഷം കവിഞ്ഞു.
അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ ഉള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാമത്. അഞ്ചര ലക്ഷത്തിലധികം പേര്‍ മരണപ്പെട്ട രാജ്യത്ത് നിലവില്‍ 70 ലക്ഷത്തിലധികം പേര്‍ ചികിൽസയിലുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇന്നലെ മാത്രം 90,000ത്തോളം പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തു. ഇതോടെ ബ്രസീലിലെ ആകെ രോഗബാധിതരുടെ എണ്ണം 1.18 കോടി പിന്നിട്ടു. കോവിഡ് മരണത്തിലും ഇപ്പോള്‍ ബ്രസീലാണ് രണ്ടാം സ്‌ഥാനത്ത്. 2.90 ലക്ഷം ആളുകൾക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്‌ടമായത്.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്തുള്ള ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത് 1.15 കോടി പേര്‍ക്കാണ്. നിലവില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ വിവിധ ഇടങ്ങളിലായി ചികിൽസയിലുള്ള രാജ്യത്ത് 1.59 ലക്ഷത്തോളം പേർ ഇതിനോടകം മരണപ്പട്ടു.
Read Also: രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി