കോഴിക്കോട്: ചേവായൂരിൽ മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതി ഇന്ത്യേഷ് കുമാറിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി സംസ്ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്ന് അമ്മയോട് പിണങ്ങി ഇറങ്ങിയ യുവതിയുമായി പ്രതികൾ അടുപ്പം സ്ഥാപിക്കുകയും, ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസിലേക്ക് കൂട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്യുകയുമാണ് ഉണ്ടായത്.
പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ പ്രതികൾ ഓട്ടോയിൽ കയറ്റി അയച്ചു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകൾ ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം വെളിപ്പെടുന്നത്. തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read also: വൈഗ കൊലക്കേസ്; സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു