തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒക്ടോബർ മാസത്തിൽ രൂപപ്പെടുന്ന 5ആം ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് തെക്കൻ കേരളത്തിലാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ സാന്നിധ്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്നും, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും, മറ്റന്നാൾ മുതൽ ഞായറാഴ്ച വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also: എംജി സര്‍വകലാശാലയില്‍ ദളിത് വിവേചനം; ഗവേഷകയുടെ പരാതി