തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമമുണ്ടായത്. പീഡന ശ്രമത്തിനിടെ ഡോക്ടർ ബഹളംവെച്ച് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ സീനിയർ ഡോക്ടറായ കെഎം വിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാൾ ഡെന്റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനം ചെറുത്ത ഡോക്ടർ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവ ഡോക്ടർ സഹപ്രവർത്തകരോട് വിവരം അറിയിക്കുകയും നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
യുവ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ ഒളിവിൽപ്പോയ വിനുവിനെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ടുമാസം മുമ്പാണ് ഇയാൾ നെടുമങ്ങാട് ആശുപത്രിയിൽ എത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം
































