തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയ ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ റിപ്പോർട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിൽസ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞു മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്‌ടർക്കാണ് നിർദ്ദേശം നൽകിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസക്കെത്തിയ ഒന്നരവയസുകാരി ആർച്ച ആണ് ഇന്ന് മരിച്ചത്.
നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ മകളാണ് മരണമടഞ്ഞത്. പനിയും ശ്വാസംമുട്ടുമായി ഇന്ന് രാവിലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് വാങ്ങി വീട്ടിലെത്തിയ ശേഷം ആഹാരം കൊടുക്കുമ്പോഴാണ് കുട്ടിക്ക് വീണ്ടും ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
അതേസമയം, കുട്ടിയുടെ മരണത്തിൽ ചികിൽസാ പിഴവ് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. ആശുപത്രിക്ക് മുമ്പിൽ നാട്ടുകാർ പ്രതിഷേധിച്ചു. പിന്നാലെ നെടുമങ്ങാട് പോലീസ് സംഭവത്തിൽ കേസെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ചികിൽസാ പിഴ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം. പനിക്കുള്ള മരുന്നുമായി വീട്ടിലേക്ക് പോയശേഷമാണ് മരണമെന്നും സൂപ്രണ്ട് പറഞ്ഞു.
Most Read: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ബ്രിജ് ഭൂഷൺ