ന്യൂഡെൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്. കൈസർഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുക. ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം. ലൈംഗിക പീഡന പരാതിയിൽ വലിയ വിമർശനങ്ങൾ നടക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പരാമർശം.
അതേസമയം, ബ്രിജ് ഭൂഷണെതിരെ ഉന്നയിച്ച വനിതാ ഗുസ്‌തി താരങ്ങളോട് വിചിത്ര നീക്കവുമായി ഡെൽഹി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിന്റെ തെളിവ് ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വാസപരിശോധനയുടെ പേരിൽ സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചു, അമർത്തി കെട്ടിപിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ് ചോദിച്ചത്. ശബ്‌ദ, ദൃശ്യ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ജൂൺ 15നുള്ളിൽ സർക്കാരിന്റെ ഭാഗത്ത് നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് ഗുസ്‌തി താരങ്ങളുടെ തീരുമാനം. നടപടി ഇല്ലെങ്കിൽ കടുത്ത തീരുമാനം എടുക്കുമെന്നും താരങ്ങൾ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് താരങ്ങൾ.
Most Read: പെരുമാറ്റച്ചട്ടം ഭേദഗതി; സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ പണിപോകും