കോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ചു. കോഴിക്കോട് കിഴക്കേ നടക്കാവിൽ സിറാജ് ദിനപത്രത്തിന്റെ ഓഫിസിനോട് ചേർന്നുള്ള സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.
കോഴിക്കോടുള്ള വ്യാപാരിയായ പ്രജീഷിന്റേതാണ് കാർ. തൊട്ടടുത്തുള്ള ടർഫിൽ ഫുട്ബോൾ കളിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. വണ്ടി നിർത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഈ സമയത്ത് ആളുകൾ ഓടിക്കൂടി തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. പുതിയ ലാൻഡ്റോവറിന്റെ ലെവാർ കാറിനാണ് തീ പിടിച്ചത്.
Most Read: വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; പ്രതി അനീസ് അൻസാരി രാജ്യം വിട്ടു