തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വർധനവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും വര്‍ധന. ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഇന്ന് മുതല്‍ അധികം നല്‍കേണ്ടത്.
സംസ്‌ഥാനത്തെ വിവിധ റോഡുകളില്‍ 10 ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടിയത്. പാലക്കാട് പന്നിയങ്കര ടോള്‍ പ്ളാസയില്‍ കാറിന് 135 രൂപയില്‍ നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. എന്നാൽ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ളാസയില്‍ നിരക്ക് വര്‍ധനയില്ല.
അതേസമയം, വിവിധ മേഖലകളിലാണ് പുതിയ സാമ്പത്തിക വര്‍ഷം നികുതി വര്‍ധിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. 200കോടിയുടെ അധികവരുമാനം സര്‍ക്കാരിന് നേട്ടമുണ്ടാക്കും. വില്ലേജ് ഓഫിസുകളിൽ അടക്കേണ്ട അടിസ്‌ഥാന ഭൂനികുതിയും ഇനി മുതല്‍ ഇരട്ടിയോളം കൂടും.
ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5 ശതമാനമാണ് വർധിക്കുക. ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4 രൂപ 20 പൈസയിൽ നിന്ന് 4 രൂപ 41 പൈസയാകും.
സംസ്‌ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ ഇടാക്കിത്തുടങ്ങും. വാഹനങ്ങളുടെ ഫിറ്റ്‌നസിനും രജിസ്‌ട്രേഷന്‍ പുതുക്കലിനുമുള്ള ഫീസിലും വലിയ വര്‍ധനയുണ്ടാകും. പാരസെറ്റാമോള്‍ ഉള്‍പ്പടെ എണ്ണൂറോളം അവശ്യമരുന്നുകളുടെ മൊത്ത വിലയില്‍ 10 ശതമാനം വര്‍ധനയാണ് ഉണ്ടാവുക.
Most Read: 110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ




































