ന്യൂഡെൽഹി: അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്ത് ബിജെപി സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
46 സീറ്റിൽ ബിജെപി വിജയം നേടി. ബിജെപി സഖ്യകക്ഷിയായ എൻപിപി അഞ്ച് സീറ്റിൽ വിജയിച്ചു. അരുണാചലിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. അധികാരത്തുടർച്ച നേടിയതോടെ പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും. അതേസമയം, അരുണാചലിൽ ബിജെപി നേടിയ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
അരുണാചൽ പ്രദേശിന് നന്ദി പറഞ്ഞ അദ്ദേഹം, സംസ്‌ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പും നൽകി. പത്ത് വർഷം ബിജെപി സർക്കാർ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കിയ വികസന പദ്ധതികൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു പറഞ്ഞു.
അതേസമയം, സിക്കിമിൽ സിക്കിം ക്രാന്തകാരി മോർച്ച (എസ്‌കെഎം) വീണ്ടും അധികാരത്തിലെത്തി. 32 സീറ്റിൽ 31ലും വിജയിച്ചു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സിക്കിം ക്രാന്തകാരി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ പ്രേം സിങ് തമങ് നന്ദി അറിയിച്ചു. സിക്കിമിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിനുള്ള അംഗീകാരമാണ് വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിക്കിം ക്രാന്തകാരി മോർച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്‌ഡിഎഫ്) തമ്മിലായിരുന്നു മൽസരം. 2019ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്‌ഡിഎഫിന് 15 സീറ്റാണ് നേടാനായത്. സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കും. ഇതിന്റെ പശ്‌ചാത്തലത്തിലാണ് വോട്ടെണ്ണൽ നേരത്തെയാക്കിയത്.
Most Read| എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; ഇന്ത്യ സഖ്യം വിജയിക്കുമെന്ന് രമേശ് ചെന്നിത്തല





































