കൊച്ചി: മലയാള സിനിമയുടെ അമ്മ, കവിയൂർ പൊന്നമ്മയ്‌ക്ക് ഇന്ന് നാട് വിട നൽകും. രാവിലെ ഒമ്പത് മുതൽ 12 വരെ കളമശ്ശേരി ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ആലുവയ്‌ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. അർബുദ രോഗബാധിതയായി ചികിൽസയിലിരിക്കെ ഇന്നലെ വൈകിട്ട് 5.33ന് കൊച്ചി ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
കവിയൂർ പൊന്നമ്മയുടെ വിയോഗം അറിഞ്ഞു മലയാള സിനിമാ മേഖലയിലെ ഏറെപ്പേർ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ട് തന്നെ എത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ദിലീപ്, നടിമാരായ മഞ്‌ജു പിള്ള, ജോമോൾ, സരയൂ, സംവിധായകൻമാരായ സിബി മലയിൽ, ബി ഉണ്ണികൃഷ്‌ണൻ, നടൻ ചേർത്തല ജയൻ ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മ വേഷങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്‌ത വേഷങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. ‘മേഘതീർഥം’ എന്ന സിനിമ നിർമിച്ചു. മികച്ച സഹനടിക്കുള്ള സംസ്‌ഥാന പുരസ്‌കാരം നാലുവട്ടം നേടിയിട്ടുണ്ട്.
അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്‌ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്‌ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. എട്ടോളം സിനിമകളിൽ പാടിയിട്ടുണ്ട്. 25ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന






































