ന്യൂഡെൽഹി: കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവന എഴുതിയ പുസ്‌തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെ കുറിച്ചുള്ള ഭാഗം ലോക്‌സഭയിൽ വീണ്ടും പരാമർശിച്ച് പ്രതിപക്ഷം. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ തടസപ്പെട്ടു.
സഭാ കാലയളവ് കഴിയുന്നതുവരെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പടെ എട്ട് പ്രതിപക്ഷ എംപിമാരെ സ്‌പീക്കർ സസ്‌പെൻഡ് ചെയ്‌തു. അമരീന്ദർ സിങ് രാജാ വാറിങ്, മണിക്ക്യം ടാഗോർ, ഗുർജീത് സിങ് ഓജ്‌ല, കിരൺ കുമാർ റെഡ്‌ഡി, പ്രശാന്ത് പഡോലെ, എസ്. വെങ്കിടേഷൻ എന്നിവരാണ് സസ്‌പെൻഷനിലായ മറ്റു എംപിമാർ.
സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 11 മണിക്ക് വീണ്ടും ചേരും. എംഎം നരവനയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിലെ ഭാഗങ്ങൾ വിശദീകരിച്ച് ഇന്നലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്നും വിഷയം ഉന്നയിക്കാൻ രാഹുൽ ശ്രമിച്ചു. ഇത് സംബന്ധിച്ച രേഖകളും സ്‌പീക്കർക്ക് കൈമാറി.
എന്നാൽ, വിഷയം ഉന്നയിക്കാൻ അനുമതി ലഭിച്ചില്ല. ഇന്നലെ റൂളിങ്ങിലൂടെ അനുമതി നിഷേധിച്ച കാര്യം വീണ്ടും ഉന്നയിക്കാക്കരുതെന്ന് സ്‌പീക്കർ പറഞ്ഞു. പിന്നീട് മറ്റു അംഗങ്ങളെ സംസാരിക്കാനായി ക്ഷണിച്ചു. ഇതോടെയാണ് പ്രതിപക്ഷം ശക്‌തമായി പ്രതിഷേധിച്ച് നടുത്തളത്തിലേക്ക് ഇറങ്ങിയത്.
അംഗങ്ങൾ പേപ്പർ വലിച്ചെറിഞ്ഞു. തുടർന്ന് സഭ പിരിഞ്ഞു. മൂന്നുമണിക്ക് സഭ വീണ്ടും ചേർന്നപ്പോൾ പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്യണമെന്ന് മന്ത്രി കിരൺ റിജ്‌ജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്നാണ് സസ്‌പെൻഷൻ നടപടികളിലേക്ക് സ്‌പീക്കർ കടന്നത്.
Most Read| ‘നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാം’; വാട്‌സ് ആപ്പിനോട് സുപ്രീം കോടതി




































