കോഴിക്കോട്: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാർഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
ആരോഗ്യ രംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇൻസ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ളാന്റേഷൻ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകൾ.
സ്വകാര്യ മേഖലയിൽ വൻ തുകയാണ് ശസ്ത്രക്രിയകൾക്ക് ചിലവാകുന്നത്. പല കുടുംബങ്ങൾക്കും തുക താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരിൽ നിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിർദ്ദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ദിവസമാണിത്. അവയവമാറ്റം കഴിഞ്ഞ രോഗികൾക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള പ്രഖ്യാപനം സർക്കാർ ഉടൻ നടത്തുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമാണം.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിൽ 20 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചിലവ്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഐസിയു, എച്ച്ഡിയു സൗകര്യങ്ങൾ, ഡയാലിസിസ് സെന്റർ, പത്ത് ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പടെ 350 കിടക്കകൾ ഉണ്ടാകും.
14 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിർമാണം. ട്രാൻസ്പ്ളാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. 31 അക്കാദമിക് കോഴ്സുകൾ തുടങ്ങാനും പദ്ധതിയുണ്ട്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ






































