ചത്രിമൂർത്തി സംഗമസ്ഥാനമായ തിരുനാവായയിൽ ‘കേരളത്തിന്റെ കുംഭമേള’ (മഹാമാഘ മഹോൽസവം) സമാപിച്ചെങ്കിലും, അവ പകർന്നുനൽകിയ ആത്മീയതയുടെ ലഹരി തെല്ലും മാഞ്ഞിട്ടില്ല. കുംഭമേളയ്ക്കൊപ്പം തന്നെ ഭാരതപ്പുഴയെന്ന പുണ്യ ഭൂമിയുടെ പ്രാധാന്യവും കേരള ജനതയെ കൂടാതെ ഉത്തര, ദക്ഷിണേന്ത്യക്കാരും മനസിലാക്കിയ കുറച്ചു നാളുകളാണ് കടന്നുപോയത്.
മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണപ്പുറത്ത് ജനുവരി 16 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് കേരളത്തിന്റെ കുംഭമേള നടന്നത്. ഗംഗാ ആരതിക്ക് സമാനമായ നിളാ ആരതി മുതൽ വിശേഷ പുണ്യസ്നാനം വരെ മഹാമാഘ മഹോൽസവത്തിൽ അരങ്ങേറിയിരുന്നു. സന്യാസിമാരടക്കം കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
കഴിഞ്ഞ 19 ദിവസമായി നടന്ന മഹാമാഘത്തിൽ 20 ലക്ഷത്തിലധികം ഭക്തരാണ് നിളാ തീരത്ത് എത്തിയതെന്നാണ് കണക്ക്. 270 വർഷങ്ങൾക്ക് ശേഷമാണ് തിരുനാവായയിൽ മഹാമാഘ മഹോൽസവം നടന്നത്. നിളാ ആരതി, രഥയാത്ര, മോക്ഷപൂജകൾ, ധർമധ്വജാരോഹണം, വിശേഷ പുണ്യസ്നാനം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.
തിരുനാവായ കുംഭമേള മഹാമാഘ കമ്മിറ്റി, മാതാ അമൃതാനന്ദമായി മഠം, മോഹൻജി ഫൗണ്ടേഷൻ എന്നിവയും വാരാണസി ആസ്ഥാനമായുള്ള ജൂന അഘാഡയുമായി ചേർന്നാണ് കുംഭമേള സംഘടിപ്പിച്ചത്. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയിൽ നടത്തുന്ന സ്നാനം ആത്മീയതയും ആരോഗ്യകരവുമായ ജീവിതത്തിന് വഴികാട്ടിയാകുമെന്നാണ് വിശ്വാസം. ചരിത്രത്തിൽ അധികാര പോരാട്ടങ്ങളുടെ ഭാഗമായി നശിച്ചുപോയ പുരാതന ആചാരമാണ് ‘മാമാങ്കം’ എന്ന് പിന്നീട് അറിയപ്പെട്ട ‘മഹാമാഘം’ എന്നാണ് പറയപ്പെടുന്നത്.
എന്തുകൊണ്ട് ഭാരതപ്പുഴ?

‘ബ്രഹ്മദേവന്റെ യാഗഭൂമി’യാണ് തിരുനാവായ മണപ്പുറം എന്നാണ് പറയപ്പെടുന്നത്. ഭാരതപ്പുഴ ത്രിമൂർത്തി സംഗമസ്ഥാനവുമാണ്. ത്രിമൂർത്തി സംഗമസ്ഥാനമെന്ന രീതിയിൽ ഭാരതത്തിൽ ഇതുപോലെ മറ്റൊരു സ്ഥലമില്ല. മാഘം നടന്നിരുന്ന വേദിയാണിത്. ത്രികോണാകൃതിയിലുള്ള ഇവിടെ രാജരാജേശ്വരിയുടെ അധിഷ്ഠാനം കൂടിയാണ്. ബ്രഹ്മദേവന്റെ യജ്ഞത്തിനുവേണ്ടി ഭാരതത്തിലെ എല്ലാ തീർഥങ്ങളും ഗംഗയിൽ ലയിച്ച് അവിടെയെത്തിയപ്പോൾ ഇത് ഭാരതപ്പുഴയായി. ഭൗമശാസ്ത്ര പരമായും ഒട്ടേറെ പ്രാധാന്യമുണ്ട് തിരുനാവായയ്ക്ക്. കുംഭമേള പോലെ വലിയ ഉൽസവമായിരുന്നു പണ്ട് ഇവിടെ നടന്നിരുന്ന മഹാമാഘവും എന്നും ഐതിഹ്യങ്ങളിൽ പറയുന്നു.
മഹാമാഘ മഹോൽസവം
ഐതിഹ്യങ്ങൾ പ്രകാരം പരശുരാമന്റെ നിർദ്ദേശാനുസരണം ബ്രഹ്മാവ് ലോകനൻമയ്ക്കായി ആദ്യമായി യാഗം നടത്തിയത് തിരുനാവായയിലെ തവനൂരിലാണെന്നും സമസ്ത ദേവതകളും പങ്കെടുത്ത ഈ പുണ്യകർമത്തിന്റെ സ്മരണ പുതുക്കുന്നതിനായാണ് 12 വർഷത്തിലൊരിക്കൽ മഹാമാഘ മഹോൽസവം സംഘടിപ്പിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.
വർഷങ്ങൾക്ക് മുൻപ് നിലച്ചുപോയതിനാൽ, ഇപ്പോഴത് കുംഭമേള പോലെയാണ് എന്നാണ് പറയുന്നത്. കേരളത്തിന്റെ കുംഭമേളയാണ് മഹാമാഘ ഉൽസവം. പതിറ്റാണ്ടുകളായി നിലച്ചുപോയിരുന്ന ഉൽസവം ആരംഭിക്കാൻ 2016 മുതലാണ് ഒരുക്കങ്ങൾ തുടങ്ങിയത്.
ഭാരതപ്പുഴയുടെ തീരത്തെ ഭാരതീയ സംസ്കാരത്തിന്റെ പുനർജാഗരണ മേളകൾ നടത്തണമെന്ന ചിന്തകൾക്ക് നാല് പതിറ്റാണ്ടോളം പഴക്കമുണ്ട്. 2016ൽ ഉജ്ജയിനിയിൽ ‘സിംഹസ്ഥ കുംഭമേള’ നടക്കുന്ന അതേ അവസരത്തിൽ തിരുനാവായയിലും മാഘ മഹോൽസവത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞവർഷം പ്രയാഗ്രാജിൽ നടന്ന കുംഭമേളയാണ് മാഘത്തിന്റെ മാനം മാറ്റിയത്.

വരും വർഷം ഇതിലും വിപുലമാകും
അടുത്തവർഷം മുതൽ ദക്ഷിണേന്ത്യയുടെ മേഖല കുംഭമേളയായി കേരള കുംഭമേള സംഘടിപ്പിക്കുമെന്നാണ് സംഘാടകർ പറയുന്നത്. പ്രയാഗ്രാജിലേതിന് സമാനമായി കേരളത്തിലെ മഹാകുംഭമേളയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാകും നടത്തുക. ഭാരതത്തിലെ എല്ലാ പരമ്പരകളിലെയും ആചാര്യൻമാർ തിരുനാവായയിലെത്തും. ശിവരാത്രി വരെ നീളുന്ന രീതിയിലാണ് മഹോൽസവം നടക്കുക. ഇതിനായി ഏപ്രിലിൽ തിരുനാവായ കേന്ദ്രമായി ഓഫീസ് തുറക്കുമെന്നും സംഘാടകർ അറിയിച്ചു.
Most Read| ‘മലപ്പുറം ജില്ലയെ വിഭജിക്കണം’; പ്രമേയം പാസാക്കി സമസ്ത









































