കണ്ണൂർ: കണ്ണൂരിൽ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്. കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപയാണ് തട്ടിയെടുത്തത്. നഗരത്തിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന 80 വയസോളം പ്രായമുള്ള വയോധികയ്‌ക്കാണ് ഒരുമാസത്തിനിടെ ഇത്രയും വലിയ തുക നഷ്‌ടമായത്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് സംഘം വയോധികയെ ഭീഷണിപ്പെടുത്തിയത്. ഭീകരാക്രമണ കേസിലെ പ്രതി ആദിൽ ഗോറിയുടെ താമസ സ്‌ഥലം പരിശോധിച്ചപ്പോൾ പരാതിക്കാരിയുടെ ആധാർ കാർഡ് കിട്ടിയെന്നും പഹൽഗാം ഭീകരരിൽ നിൻ പണം സ്വീകരിച്ചിട്ടുണ്ടെന്നും സംഘം പറഞ്ഞു.
നിരപരാധിത്വം തെളിയിക്കുന്നതിന് കൈയിലുള്ള പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പരാതിക്കാരി പണം അയക്കുകയായിരുന്നു. വലിയ തുക വിവിധ അക്കൗണ്ടുകളിലേക്ക് അടിക്കടി ട്രാൻസ്‌ഫർ ചെയ്യുന്നതിൽ ബാങ്ക് അധികൃതർക്ക് പന്തികേട് തോന്നി.
ഇതോടെ 50 ലക്ഷം കൂടി ട്രാൻസ്‌ഫർ ചെയ്യാനുള്ള നീക്കം തടഞ്ഞു. ഉടൻ തന്നെ ബാങ്ക് അധികൃതർ ഇക്കാര്യം പോലീസിനെയും വയോധികയെയും അറിയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് വയോധികയ്‌ക്ക് മനസിലായത്. തുടർന്ന് കണ്ണൂർ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ജനുവരി ആദ്യ ആഴ്‌ചയോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സിബിഐയിൽ നിന്നാണെന്ന വ്യാജേന വാട്‌സ് ആപ് വീഡിയോ കോൾ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയക്കുകയായിരുന്നു. ബിസിനസ് ഇടപാടുകളുള്ള വയോധികയുടെ ബാക്കി തുക ബാങ്ക് അധികൃതരുടെ ജാഗ്രത മൂലം നഷ്‌ടമായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ







































