വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്.
വീട് നിൽക്കുന്ന ഏഴുസെന്റ് ഭൂമിക്കുള്ള പട്ടയവും ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 13 പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജിൽ ഏറ്റെടുത്ത 5 ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു. ദുരന്തബാധിതരായ ആളുകളെ കൂടുതൽ മെച്ചപ്പെട്ട ഒരു ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുകയാണ് ടൗൺഷിപ്പ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.
1000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് സോണുകളായി വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിൽ എട്ട് മുതൽ ഇരുപത് വരെ വീടുകൾ ഉൾക്കൊള്ളുന്ന 35 ക്ളസ്റ്ററുകളായിട്ടാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.
കൂടുതൽ നിലകൾ നിർമിക്കാൻ ഉതകുന്ന രീതിയിലാണ് വീടുകളുടെ നിർമാണം. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച നിർമാണ സാമഗ്രികളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർമാണ സാമഗ്രികൾ ലാബിൽ പരിശോധിച്ച് ഗുണമേൻമ ഉറപ്പുവരുത്തിയ ശേഷമാണ് ഉപയോഗിച്ചത്. അമ്പത്തെട്ടു തരം പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോ വീടിന്റെയും നിർമാണം പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൽപ്പറ്റ എൽപി സ്കൂൾ ടൗൺഷിപ്പിലേക്ക് മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെഎസ്എഫ്ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്സ് കോംപ്ളക്സിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉൽഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
ടൗൺഷിപ്പിൽ വീടുനിർമാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ദുരന്തബാധിതർ ടൗൺഷിപ്പിലെ വീട്ടിലേക്ക് താമസം മാറുന്നത് വരെ അവർക്ക് വീട് വാടകയിനത്തിൽ 6000 രൂപയും ഉപജീവനത്തിനായി ഒരു കുടുംബത്തിന് പരമാവധി 18000 രൂപയും ഭക്ഷണ കൂപ്പൺ ഇനത്തിൽ 1000 രൂപയും പ്രതിമാസം നൽകുന്നത് തുടരും. ദുരന്ത ബാധിതരുടെ പുനരധിവാസം സാധ്യമാക്കിയത് കേരളം ഒറ്റക്കെട്ടായാണെന്നും ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമല്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ എകെ ശശീന്ദ്രൻ, പിഎ മുഹമ്മദ് റിയാസ്, എംഎൽഎമാരായ ടി സിദ്ദിഖ്, ടിപി രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, റവന്യൂ -ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എംജി രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡിആർ മേഘശ്രീ, ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർ എസ് സുഹാസ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ജെഒ അരുൺ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം








































