അമ്പലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുന്ന ജി. സുധാകരനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനം. അമ്പലപ്പുഴയിൽ സ്‌ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും.
ഘടകകഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും. താൻ ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ.
മണ്ഡലത്തിൽ എച്ച്. സലാം ആണ് സിപിഎം സ്‌ഥാനാർഥി. അവഗണന മടുത്താണ് ഈമാസം 12ന് സുധാകരൻ സിപിഎം വിട്ട് സ്വതന്ത്ര സ്‌ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർട്ടിക്കെതിരായ മൽസരമല്ലെന്നും പാർട്ടിക്കെതിരെ ആക്ഷേപം ഉന്നയിക്കില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. വ്യക്‌തിഹത്യ നടത്തിയാൽ ശക്‌തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
2021ലെ തിരഞ്ഞെടുപ്പിൽ 11,125 വോട്ടുകൾക്കാണ് എച്ച്. സലാം കോൺഗ്രസിലെ എം. ലിജുവിനെ തോൽപ്പിച്ചത്. സുധാകരനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ ലിജുവിന്റെ സ്‌ഥാനാർഥിത്വം പ്രതിസന്ധിയിലായി. 2016ൽ 22,621 വോട്ടുകൾക്കാണ് സുധാകരൻ ജെഡിയുവിലെ ഷെയ്ഖ് പി. ഹാരിസിനെ പരാജയപ്പെടുത്തിയത്. 2011ൽ സുധാകരൻ എം. ലിജുവിനെ 16,580 വോട്ടുകൾക്ക് പരാജയപ്പെട്ടുത്തിയിരുന്നു.
Health| സ്‌തനാർബുദ കേസുകൾ കൂടുന്നു; 2050ൽ 35 ലക്ഷത്തിലധികം രോഗികൾ!






































