തളിപ്പറമ്പ്: കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. തളിപ്പറമ്പ് മണ്ഡലത്തിൽ പികെ. ശ്യാമളയെ സ്‌ഥാനാർഥിയാക്കിയ തീരുമാനത്തിൻമേലാണ് എതിർപ്പ്. മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ. ഗോവിന്ദൻ പാർട്ടി വിട്ടു. വിമതനായി മൽസരിക്കുമെന്നാണ് സൂചനകൾ. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ.
നേരത്തെ ശ്യാമളയുടെ സ്‌ഥാനാർഥിത്വത്തിനെതിരെ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. അതേസമയം, സിപിഎമ്മിലെ പൊട്ടിത്തെറിയെ കോൺഗ്രസ് സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്.
തളിപ്പറമ്പിൽ കഴിഞ്ഞതവണ മൽസരിച്ച വിപി. അബ്‌ദുൾ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ ടികെ. ഗോവിന്ദൻ മൽസരിച്ചാൽ കോൺഗ്രസ് സ്‌ഥാനാർഥിയെ നിർത്താതെ അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്. അതിനിടെ, ഞായറാഴ്‌ചത്തെ ഔദ്യോഗിക സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ശ്യാമള മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്‍മഹത്യ ഉൾപ്പടെയുള്ള വിഷയങ്ങളാണ് ശ്യാമളയുടെ സ്‌ഥാനാർഥിത്വം വിവാദത്തിലാക്കിയത്. പാർട്ടി സെക്രട്ടറിയായതിനാൽ എംവി. ഗോവിന്ദൻ മൽസരിക്കാത്ത സാഹചര്യത്തിൽ ഭാര്യയെ പകരമിറക്കി എന്ന ആക്ഷേപമാണ് പാർട്ടി അണികളിൽ നിന്ന് ഉയരുന്നത്. പാർട്ടിയുടെ കോട്ടയായ മണ്ഡലത്തിൽ ഇത്തരത്തിൽ വിവാദങ്ങൾ ഉണ്ടാകുന്നത് സിപിഎമ്മിനും തലവേദനയാണ്.
Most Read| നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം നടത്താൻ ഉത്തരവ്





































