ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാധ്യത കുറവാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിലവിലുണ്ട്. യുഡിഎഫ് ആ രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ എൽഡിഎഫിന് മൂന്നാമൂഴം സഫലമാകില്ലെന്നും ജി. സുധാകരൻ പറയുന്നു.
പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളൂവെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും, പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്ന ‘പൊളിറ്റിക്കൽ ബിസിനസ്’ കാരണമാണ് മൂന്നാമൂഴം പ്രയാസകരമാകുമെന്ന് താൻ പറയുന്നതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
സിപിഐ നേതാവും മന്ത്രിയുമായ പി. പ്രസാദിനെതിരെ താൻ പ്രചാരണം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. പ്രസാദ് അനാവശ്യമായ പ്രസ്താവനകൾ നടത്തിയെന്നും സുധാകരൻ ആരോപിച്ചു. കഴിഞ്ഞതവണ അനുകൂല തരംഗം ഉണ്ടായിട്ടും ഭൂരിപക്ഷം 6000 വോട്ടായി കുറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ഒരു ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായാണ് മൽസരിക്കുന്നതെന്നും തന്നെ സഹായിക്കാൻ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് പിന്തുണയെ സ്വാഗതം ചെയ്ത അദ്ദേഹം, കോൺഗ്രസ് നേതാക്കൾ തന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചതായും അവർ ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, മാദ്ധ്യമ പ്രവർത്തകരുമായി സുധാകരൻ രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തന്റെ അനുവാദമില്ലാതെ വീട്ടിൽ പ്രവേശിക്കരുതെന്നും ഫോൺ വിളിച്ചാൽ എടക്കുന്നില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകർ കൃത്യമായ അജണ്ടയുമായാണ് വരുന്നതിനും അദ്ദേഹം ആരോപിച്ചു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































