തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാദ്ധ്യമ ഉപഭോക്താക്കൾക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്.
വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പോലീസ് നോട്ടീസ് അയച്ചു. 270ഓളം എക്സ് ഹാൻഡിലുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റഗ്രാം ഐഡികൾക്കുമാണ് നോട്ടീസ് അയച്ചത്. വിവാദമായ സർക്കുലറിന്റെ സ്ക്രീൻ ഷോട്ടുകൾ അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ് കേരള പോലീസ് സാമൂഹിക മാദ്ധ്യമ പ്ളാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ ബിജെപി ചിഹ്നമുള്ള സീൽ വന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഇത് വെറുമൊരു ‘ക്ളെറിക്കൽ പിഴവ്’ മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ വിശദീകരണം നിലനിൽക്കെ തന്നെയാണ്, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തടയുന്നതിനായി സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചവർക്കെതിരെ പോലീസ് നടപടി.
നിർദ്ദേശത്തെ തുടർന്ന് പല പ്ളാറ്റ്ഫോമുകളും പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, എക്സ് ഈ പോസ്റ്റുകൾ പൂർണമായും നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കുലറിലെ കുറിച്ച് സംസാരിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്ജെൻഡർ ബിൽ പാസാക്കി






































