കാസർഗോഡ്: മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിച്ച് എസ്ഡിപിഐ. കെഎം. അഷ്റഫിനെ ആയിരുന്നു സ്ഥാനാർഥിയായി നിർത്തിയിരുന്നത്. ഇന്ന് രാവിലെ മഞ്ചേശ്വരത്ത് നടന്ന യോഗത്തിലാണ് കെഎം.അഷ്റഫിനെ പിൻവലിക്കാൻ തീരുമാനമായത്. തുടർന്ന് കലക്ട്രേറ്റിൽ എത്തി അഷ്റഫ് സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു.
ഇന്ന് രാവിലെ നടന്ന എസ്ഡിപിഐ യോഗത്തിൽ ബഹളം ഉണ്ടായതായാണ് വിവരം. സ്ഥാനാർഥിത്വം പിൻവലിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക നേതൃത്വവും കെഎം. അഷ്റഫും വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ അഷ്റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതിനാലാണ് യോഗത്തിൽ നിന്ന് ഇറങ്ങിയതെന്നും പ്രതിഷേധിച്ച് ഇറങ്ങിയതല്ലെന്നും അഷ്റഫ് പിന്നീട് പ്രതികരിച്ചു. അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്നുൾപ്പടെ രാജിവയ്ക്കുന്നതായി അഷ്റഫ് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ താൽപര്യമില്ലായിരുന്നു. നിരവധിപ്പേർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അവരെ വിശ്വാസത്തിൽ എടുക്കുന്നതിന് വേണ്ടിയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചത്. പാർട്ടി പറഞ്ഞിട്ടാണ് മൽസരിക്കാൻ പത്രിക നൽകിയത്. ഇതേ നേതൃത്വം തന്നെ പിൻവലിക്കാൻ പറയുന്നു. ഇത് ശരിയായ രീതിയല്ലെന്നും അഷ്റഫ് പറഞ്ഞു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ








































