കണ്ണൂർ: എൽഡിഎഫ് സ്‌ഥാനാർഥിക്കായി സർക്കാർ വകുപ്പായ പിആർഡി (പബ്ളിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്) ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തിൽ നടപടി. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറെ കലക്‌ടർ സസ്‌പെൻഡ് ചെയ്‌തു.
തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് വിരുദ്ധമായ നടപടിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷനിലേക്ക് കടന്നത്. സംഭവത്തിൽ ഇടപെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട് തേടിയതിന് പിന്നാലെയാണ് ഇൻഫർമേഷൻ ഓഫീസർക്കെതിരെ നടപടി സ്വീകരിച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി കെവി. സുമേഷിന്റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്.
തനിക്കെതിരെ യുഡിഎഫ് പ്രവർത്തകർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്‌തിഹത്യയും നടത്തുന്നതായി ചൂണ്ടിക്കാട്ടി കെവി. സുമേഷ് ജില്ലാ കലക്‌ടർക്ക് പരാതി നൽകിയിരുന്നു. സുമേഷ് നൽകിയ പരാതി പിആർഡി വാർത്താക്കുറിപ്പിലും ഉൾപ്പെട്ടു. ഇത് ഗുരുതമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് കണ്ണൂർ ഡിസിസി പരാതി നൽകിയത്.
അതേസമയം, മാദ്ധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ ജില്ലാ കലക്‌ടറോട് റിപ്പോർട് തേടുകയും ആയിരുന്നു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ് അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി. തളിപ്പറമ്പ് സിഎച്ച് സെന്റർ ജനറൽ സെക്രട്ടറിയാണ് കരീം ചേലേരി. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെകെ. വിനോദ് കുമാറാണ് എൻഡിഎ സ്‌ഥാനാർഥി.
Most Read| പശ്‌ചിമേഷ്യൻ സംഘർഷം; ‘ടീം ഇന്ത്യ സ്‌പിരിറ്റ്’ വേണം, സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി






































