മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഫേസ്ബുക്ക് പോസ്‌റ്റ് വഴി അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് അറസ്‌റ്റ് ചെയ്‌തത്.
കാപ്പാ കേസ് പ്രതിയായ റോഷൻ ഉത്തർപ്രദേശ്, ബെംഗളൂരു ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ചു ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം പോസ്‌റ്റ് പങ്കുവെച്ചുവെന്നുമാണ് കേസ്.
ജനുവരി 31നാണ് പണം ആവശ്യപ്പെട്ട് പ്രതി ഭീഷണി മുഴക്കിയത്. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പെരിന്തൽമണ്ണ പോലീസാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരോപണം ഉന്നയിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read| സിലിണ്ടർ കൈയിലുണ്ടോ? മൂന്നാറിൽ പോയി ചിൽ ആവാം, സൗജന്യമായി





































