വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ഉദ്യോഗസ്‌ഥരോട് പറഞ്ഞതായി റിപ്പോർട്. യുഎസ് ഭരണവൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്‌റ്റാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്.
കടലിടുക്ക് തുറന്ന് നൽകാനുള്ള സങ്കീർണമായ ദൗത്യം യുഎസ് പിന്നീട് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾ ഈ യുദ്ധത്തിനിറങ്ങിയാൽ യുദ്ധം നേരത്തെ നിശ്‌ചയിച്ച നാലുമുതൽ ആറാഴ്‌ച വരെ എന്ന സമയപരിധിക്ക് അപ്പുറത്തേക്ക് പോകുമെന്ന് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്‌ടാക്കളും വിലയിരുത്തിയതായി യുഎസ് മാദ്ധ്യമം പറയുന്നു.
ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ട്രംപ് നിരവധി തവണ നിലപാടുകൾ മാറ്റിയിട്ടുണ്ട്. ഒരു നിശ്‌ചിത സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്ന് നൽകിയില്ലെങ്കിൽ, ഇറാന്റെ ഊർജ അടിസ്‌ഥാന സൗകര്യങ്ങൾ ബോംബിടുമെന്ന് അദ്ദേഹം പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്. ചിലഘട്ടത്തിൽ ഹോർമുസ് തങ്ങളുടെ വിഷയമല്ലെന്നും അത് ആശ്രയിക്കുന്ന രാജ്യങ്ങൾ പരിഹരിക്കേണ്ട വിഷയമാണെന്നും ട്രംപ് വ്യക്‌തമാക്കിയിരുന്നു.
ഹോർമുസ് തുറക്കുന്നതിന് യുദ്ധ കപ്പലുകൾ അയക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ട്രംപ് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത്. ഹോർമുസ് കടലിടുക്ക് അടച്ചിടൽ ഇതിനകം ആഗോള സമ്പദ് വ്യവസ്‌ഥയെ ബാധിക്കുകയും പെട്രോൾ വില വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. അമേരിക്കയുടെ സഖ്യകക്ഷികൾ ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഊർജ വിതരണത്തിലെ തടസങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്.
അതിനിടെ, ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി ട്രംപ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ ഇസ്‌ഫഹാനിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബദർ സൈനിക കേന്ദ്രം സ്‌ഥിതി ചെയ്യുന്നത് ഇവിടെയാണ്. 200 പൗണ്ട് ഭാരമുള്ള ബങ്കർ ബാസ്‌റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്‌ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയത്.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം




































