വാഷിങ്ടൻ: മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ബഹിരാകാശ വിക്ഷേപണ ദൗത്യം ആർട്ടെമിസ്-II നിർണായക ഘട്ടം കടന്നു. നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോൺ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കടന്നു. ഓറിയോൺ പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങി.
ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ബേൺ പൂർത്തിയായതായി നാസ അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 5.19നായിരുന്നു ടിഎൽഐ ജ്വലനം. അഞ്ച് മിനിറ്റും അമ്പത് സെക്കൻഡുമെടുത്താണ് പ്രക്രിയ പൂർത്തിയാക്കിയത്. ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിക്കുക. ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും പ്രഭാത വ്യയാമം ചെയ്യുകയും ചെയ്‌തു.
അമേരിക്കൻ മാദ്ധ്യമങ്ങളുമായി അറ മണിക്കൂറോളം സംസാരിച്ച സംഘം ദൗത്യപുരോഗതി പങ്കുവെച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വ്യാഴാഴ്‌ച ഇന്ത്യൻ സമയംപുലർച്ചെ 4.06നായിരുന്നു വിക്ഷേപണം. എസ്എൽഎസ് (Space Launch System) റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. 1972 ഡിസംബർ 19നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം
54 വർഷത്തിന് ശേഷമാണ് ആർട്ടെമിസ്-II ദൗത്യം. ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തും. 10 ദിവസത്തെ ദൗത്യത്തിൽ നാല് ബഹിരാകാശ യാത്രികർ ചന്ദ്രോപരിതലത്തിൽ നിന്നും 7600 കിലോമീറ്റർ അടുത്തുവരെ സഞ്ചരിക്കും.
ഭാവിയിലെ ചൊവ്വാ യാത്രകൾക്കും ചന്ദ്രനിലെ സ്‌ഥിരതാമസത്തിനും വഴിത്തിരിവാണ് ആർട്ടെമിസ്-II ദൗത്യം. ചന്ദ്രനിൽ ലൂണാർ എന്ന സ്‌റ്റേഷൻ സ്‌ഥാപിക്കും. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള സ്‌ഥിരസഞ്ചാരം ഇതോടെ സാധ്യമാകും. ഭാവിയിൽ ചന്ദ്രനിൽ താമസമുറപ്പിച്ചു അവിടത്തെ ഹീലിയം ത്രീ ഉൾപ്പടെ ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിക്കുള്ള അടിത്തറ കൂടിയാകും ആർട്ടെമിസ് പരമ്പര പൂർണമാകുന്നതോടെ തയ്യാറാക്കുക.
ചുരുക്കത്തിൽ മനുഷ്യവാസം ചന്ദ്രഗോളത്തിലേക്ക് വ്യാപിക്കും. ഭാവിയിൽ ചൊവ്വ എന്ന ലക്ഷ്യത്തിലേക്കുള്ള ഇടത്താവളം കൂടിയായി ചന്ദ്രൻ മാറും. ഇത്രയും വലിയ ലക്ഷ്യങ്ങളുള്ള പദ്ധതിയായതിനാൽ ആർട്ടെമിസ് 2 ദൗത്യം വിജയിപ്പിക്കുക എന്നത് നാസയുടെ അഭിമാന പ്രശ്‌നമാണ്. ചന്ദ്രനിലേക്ക് മാത്രമല്ല, അരനൂറ്റാണ്ടിനുശേഷം ഡീപ്‌സ്‌പേയ്‌സിലേക്കും മനുഷ്യൻ യാത്ര ചെയ്യുന്നത് ഇതാദ്യമായാണ്. ഇതുവരെ ഏകദേശം 9300 കോടി യുഎസ് ഡോളറാണ് ആർട്ടെമിസിനായി യുഎസ് ചിലവഴിച്ചത്.
ഏകദേശം 22 ലക്ഷം കിലോമീറ്റർ സംഘം യാത്ര ചെയ്യും. ഏകദേശം 50 തവണ ഭൂമിയെ ചുറ്റുന്ന ദൂരം. ഓറിയൻ പേടകത്തിലാണ് സഞ്ചാരം. ആവശ്യത്തിന് വെള്ളവും ഓക്‌സിജനും പേടകത്തിൽ സംഭരിച്ചിട്ടുണ്ട്. നാസയുടെ റീഡ് വൈസ്‌മാൻ (കമാൻഡർ), വിക്‌ടർ ഗ്ളോവർ (മിഷൻ പൈലറ്റ്), ക്രിസ്‌റ്റീന കോച്ച് (മിഷൻ സ്‌പെഷ്യലിസ്‌റ്റ്, കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്‌പെഷ്യലിസ്‌റ്റ്) എന്നിവരാണ് സഞ്ചാരികൾ.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































