തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലക്കേസിൽ അറസ്‌റ്റിലായ പൊന്നിട്ടയിൽ സജിയുടെ (47) വീട്ടിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്‌ഥിയും ജീർണിച്ച വസ്‌ത്രങ്ങളും കണ്ടെത്തി. എട്ടുവർഷം മുൻപ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
മാതാവ് മേരി (71), സഹോദരൻ റെജി (54) എന്നിവരെ കൊലപ്പെടുത്തി മൃതദേഹം വീട്ടുപറമ്പിൽ കുഴിച്ചിട്ട കേസിൽ കഴിഞ്ഞ മാസമാണ് സജി അറസ്‌റ്റിലായത്. സജിയെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തിലാണ് ഇന്നലെ വീണ്ടും വീട്ടിൽ പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് മൂന്നിന് തോട്ടുവാക്കടയിലെ വീട്ടിലെത്തിയ പോലീസ് വിറക് പുരയോട് ചേർന്നുള്ള ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി.
അഞ്ചടിയോളം കുഴിച്ചപ്പോഴാണ് അസ്‌ഥിയുടെ കഷ്‌ണങ്ങളും വസ്‌ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. പിന്നീട് സമീപത്തുതന്നെ നടത്തിയ തിരച്ചിലിൽ തലയോട്ടിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി മാറ്റി. പിതാവിനെ കൊലപ്പെടുത്തിയെന്നും ഇല്ലെന്നുമെല്ലാം പ്രതി മൊഴി മാറ്റിപ്പറയുന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്.
2018 മേയ് അഞ്ചുമുതലാണ് മാത്യുവിനെ (73) കാണാതായത്. പാസ്‌റ്ററായിരുന്നു മാത്യു. സുവിശേഷ വേലയ്‌ക്കായി മാറിനിന്നതാകാമെന്നും മകൾ സിനിയുടെ വീട്ടിലാകാമെന്നും കരുതി ആദ്യം പോലീസിൽ വിവരം അറിയിച്ചില്ല. മേയ് ഒമ്പതിന് സജിയുടെ സഹോദരൻ റെജിയാണ് നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയത്.
ഭിന്നശേഷിക്കാരിയായ ഇളയമകളുടെ ചികിൽസയ്‌ക്കായി കട്ടപ്പനയ്‌ക്കടുത്ത് വെള്ളയാംകുടിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മാത്യു വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ വിവരം. മാത്യു നെടുങ്കണ്ടത്ത് നിന്ന് ബസിൽ പോകുന്നത് കണ്ടതായും ബന്ധു പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റും അന്ന് പരിശോധിച്ചെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു.
തൃപ്‌തികരമായ വിവരങ്ങൾ ലഭിച്ചാൽ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി ഒടുവിൽ അന്വേഷണം മാറ്റിവെക്കുകയായിരുന്നു. ഏപ്രിൽ നാലിനാണ് പച്ചടിയിൽ ഇരട്ടക്കൊലപാതകം നടന്നത്. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പോലീസ് വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. പിന്നാലെയാണ് പിതാവിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ




































