ഭോപ്പാൽ: തന്നെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ കഴുത്തിന് പിടിച്ചു നിർത്തി സ്വയം രക്ഷനേടി 13-കാരൻ. മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിലെ എട്ടാം ക്ളാസ് വിദ്യാർഥിയായ സത്യം താക്കൂർ ആ ധീര പുത്രൻ. പുലിയെ തോൽപ്പിച്ച പുപ്പുലിയാണിവൻ.
കഴിഞ്ഞദിവസം വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി സത്യയെ ആക്രമിക്കുകയായിരുന്നു. സധൈര്യത്തോടെ കുട്ടി പുലിയുടെ കഴുത്തിൽ പിടിച്ചു നിർത്തി. വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റെങ്കിലും അവൻ പിടിവിടില്ല.
കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് താക്കൂറും കുടുംബാംഗങ്ങളും വടിവാളുകളുമായി ഓടിയെത്തി. ഈ സമയം പുലിയും സത്യവും തമ്മിലുള്ള മൽപ്പിടിത്തം തുടരുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെ പുലി പിടിവിട്ട് കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
ഉടൻ തന്നെ പിപാരിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. കുട്ടിക്ക് അടിയന്തിര ധനസഹായമായി 1000 രൂപ അനുവദിച്ചിട്ടുണ്ട്. കൂടുതൽ സഹായങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു. കുട്ടി ധീരതയോടെ പുലിയെ നേരിട്ടതുകൊണ്ടാണ് ജീവൻ നിലനിർത്താനായത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം





































