വാഷിങ്ടൻ: കോംഗോ, യുഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള, ഹാന്റാ വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക. രോഗവ്യാപനം അതിരൂക്ഷമായതോടെ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഗ് കോംഗോ, യുഗാണ്ട ഉൾപ്പടെയുള്ള രോഗവ്യാപനം കൂടുതലുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പുതിയ നിയന്ത്രണം. ഗ്രീൻ കാർഡ് (ഔദ്യോഗികമായ പെർമനന്റ് റസിഡന്റ് കാർഡ്) ഉടമകൾക്കും പുതിയ വിലക്ക് ബാധകമായിരിക്കുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിക്കുകയോ ട്രാൻസിറ്റ് ചെയ്യുകയോ ചെയ്‌ത ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസിലേക്ക് പ്രവേശിക്കുന്നതിന് താൽക്കാലികമായി വിലക്കുണ്ടാകും. ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന അമേരിക്കൻ പൗരൻമാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെങ്കിലും വിമാനത്താവളങ്ങളിൽ അതീവ കർശനമായ ആരോഗ്യ പരിശോധനകളും ക്വാറന്റെയ്ൻ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി ഇത്തരം വിലക്കുകളിൽ നിന്ന് ഗ്രീൻ കാർഡ് ഉള്ളവരെ ഒഴിവാക്കാറുണ്ടായിരുന്നു. അമേരിക്കൻ പൗരൻമാരല്ലാത്ത സാധാരണ യാത്രക്കാർക്ക് നേരത്തെ തന്നെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും, രോഗവ്യാപനം അതിരൂക്ഷമായതോടെയാണ് സ്‌ഥിരതാമസ അനുമതിയുള്ള ഗ്രീൻ കാർഡ് കൈവശമുള്ളവർക്കും നിയന്ത്രണം ബാധകമാക്കിയത്.
എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യയും കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോംഗോ, യുഗാണ്ട, സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദ്ദേശം. ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ പ്രദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന പൊതുജനാരോഗ്യ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ






































