പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ

കരുവാരക്കുണ്ട് നളന്ദ കോളേജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ പത്ത് വീട്ടമ്മമാരാണ് കാലിക്കറ്റ് സർവകലാശാല ബിഎ പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കിയത്. ഇടക്കാലത്ത് പഠനം നിർത്തുകയും പിന്നീട് അതേ വഴിയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്‌ത പത്തംഗ അമ്മ സംഘം ഏവർക്കും കൗതുകമായിരുന്നു.

By Senior Reporter, Malabar News
housewives success calicut university ba exam
ബിഎ പരീക്ഷയിൽ വിജയിച്ച കരുവാരക്കുണ്ട് നളന്ദ കോളേജിലെ വീട്ടമ്മമാരായ വിദ്യാർഥികൾ (Image Courtesy: Mathrubumi Online) Cropped By Team MN

പ്രതിസന്ധികളോട് പൊരുതി വർഷങ്ങൾക്കിപ്പുറം പഠനത്തിലേക്ക് തിരിച്ചെത്തിയ  പത്ത് വീട്ടമ്മമാർ, ഇന്ന് ബിഎ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചതിന്റെ
ആഹ്ളാദത്തിലും അഭിമാനത്തിലുമാണ്. പ്രായവും കുടുംബവും പഠനത്തിന് തടസമല്ലെന്നാണ് 41- കാരിയായ ഷഹനാസും സുഹൃത്തുക്കളും തെളിയിച്ചിരിക്കുന്നത്.

കൂട്ടിലങ്ങാടി സ്വദേശിനിയായ ഷഹനാസ് പ്ളസ് ടു കഴിഞ്ഞ് 20 വർഷത്തിന് ശേഷമാണ് വീണ്ടും കോളേജിൽ എത്തുന്നത്. 2023ൽ മൂത്ത മകൾ ഫാത്തിമ സാജിദിനെ കോളേജിൽ ചേർക്കാൻ പോയപ്പോഴാണ് ഒരു ഡിഗ്രി വേണമെന്ന ആഗ്രഹം ഷഹനാസിന്റെ ഉള്ളിലും പൂവിട്ടത്. ഭർത്താവ് തെച്ചിക്കോടൻ സാജിദിനോട് ഇക്കാര്യം പറഞ്ഞപ്പോൾ പൂർണ പിന്തുണ നൽകി.

പിന്നാലെ പുസ്‌തകവുമെടുത്ത് കോളേജിലേക്ക്. ഷഹനാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മറ്റു ഒമ്പത് വീട്ടമ്മമാർ കൂടി ഇതേ ക്ളാസിലേക്ക് പഠിക്കാനെത്തിയത്. 30 വയസിന് മുകളിലുള്ള പത്തുപേരും ആദ്യ അവസരത്തിൽ തന്നെ പരീക്ഷ വിജയിച്ച് അഭിമാനമായി. കാലിക്കറ്റ് സർവകലാശാല ബിഎ പരീക്ഷയിലാണ് ഇവർ മികച്ച വിജയം സ്വന്തമാക്കിയത്.

കാളികാവിൽ നിന്നുള്ള സികെ. മുർഷിദ, മേലാറ്റൂരിലെ രാജശ്രീ, ആഞ്ഞിലങ്ങാടി സ്വദേശിനി ഹർഷ ഷെറിൻ, ചെമ്പ്രശ്ശേരിയിലെ ഷക്കീബ ഫാഹിം, മാമ്പുഴ സ്വദേശികളായ റൂബിന സമദ്, നഷീദ, പൊടുവണ്ണിയിലെ സഫീന സിറിൻ, അഞ്ചച്ചവടി സ്വദേശി സിഹാന, സിപി. ഫാത്തിമ സമീന എന്നിവരാണ് ഷഹനാസിന് പിന്നാലെ പഠനവഴിയിൽ തിരിച്ചെത്തിയത്. കരുവാരക്കുണ്ട് നളന്ദ കോളേജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളാണ് എല്ലാവരും.

ഇടക്കാലത്ത് പഠനം നിർത്തുകയും പിന്നീട് അതേ വഴിയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്‌ത പത്തംഗ അമ്മ സംഘം ഏവർക്കും കൗതുകമായിരുന്നു. 40 കുട്ടികളുള്ള ക്ളാസിൽ പത്തുപേർ അമ്മമാരായിരുന്നു. പല കാരണങ്ങളാൽ ക്ളാസുകൾ മുടങ്ങിയെങ്കിലും ഓൺലൈൻ ക്ളാസുകളിലൂടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയുമാണ് ഇവർ പഠനം പൂർത്തിയാക്കിയത്.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE