ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ; ഇനി ആവർത്തിച്ചാൽ കർശന നടപടി

മലയാളി താരം സഞ്‌ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് അസോസിയേഷനെതിരെ നടത്തിയ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ കഴിഞ്ഞവർഷം മേയിലാണ് ശ്രീശാന്തിനെ കെസിഎ മൂന്നുവർഷത്തേക്ക് വിലക്കിയത്.

By Senior Reporter, Malabar News
S Sreesanth

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്‌താവന നടത്തിയ ശ്രീശാന്തിനെ മൂന്നുവർഷത്തേക്കാണ് കെസിഎ സസ്‌പെൻഡ് ചെയ്‌തത്.

മലയാളി താരം സഞ്‌ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് അസോസിയേഷനെതിരെ നടത്തിയ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ കഴിഞ്ഞവർഷം മേയിലാണ് ശ്രീശാന്തിനെ കെസിഎ മൂന്നുവർഷത്തേക്ക് വിലക്കിയത്.

ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹരജി നൽകിയെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചിരുന്നു.

ഇന്ന് ചേർന്ന കെസിഎ സ്‌പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ ചർച്ച ചെയ്‌തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്‌ജുവിന് അവസരം ലഭിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ പഴിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ടീമിൽ സഞ്‌ജു ഇടംപിടിക്കാതിരിക്കുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്നായിരുന്നു ശ്രീശാന്തിന്റെ വിമർശനം.

ശ്രീശാന്തിന്റെ പരാമർശത്തിന് വാതുവയ്‌പ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് കെസിഎ മറുപടി നൽകിയത്. വാതുവയ്‌പ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്‌തനായിട്ടില്ല. കുറ്റം നിലനിൽക്കെ ശ്രീശാന്തിന് രഞ്‌ജി ട്രോഫിയിൽ അവസരം നൽകി. കെസിഎയുടെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ ഭാരവാഹികൾ തുറന്നടിച്ചിരുന്നു. പിന്നാലെ ആയിരുന്നു വിലക്ക്.

അതേസമയം, വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3ൽ ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെസിഎൽ സീസൺ മൽസരങ്ങൾക്ക് മുമ്പായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE