അഹമ്മദാബാദ്: 2008ൽ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‍ഫോടന പരമ്പര കേസിലെ 49 പ്രതികളിൽ 38 പേരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി. മറ്റ് 11 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും കോടതി നിലനിർത്തി.
സ്‍ഫോടനത്തിൽ ഇരയായവർക്ക് നഷ്‌ടപരിഹാരം നൽകാനും സംസ്‌ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ചുലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും വീതമാണ് ധനസഹായം നൽകേണ്ടത്. ഈ തുക 2027 മാർച്ച് 31നകം വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
ഗുജറാത്തിലെ പ്രത്യേക കോടതി ജഡ്‌ജി എആർ പട്ടേലാണ് 38 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്. ഈ വിധിയാണ് ഹൈക്കോടതിയും ഇന്ന് ശരിവെച്ചത്. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങൾ നീണ്ട വിചാരണക്കിടെ ആകെ 1100 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 28 പേരെ വെറുതെവിട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. 2008 ജൂലായ് 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‍ഫോടനങ്ങളുണ്ടായത്.
70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‍ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. വൈകീട്ട് 6.32നും 7.45നും ഇടക്കാണ് സംഭവം നടന്നത്. അകെ 246 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓൾഡ് സിറ്റി അടക്കമുള്ള സ്‌ഥലങ്ങളിലായിരുന്നു സ്‍ഫോടനങ്ങൾ. പരിക്കേറ്റവരെ എത്തിച്ച എൽജി, വിഎസ്, സിവിൽ ആശുപത്രികളിലും സ്‍ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയർന്നത്.
അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്‍ഫോടനമുണ്ടായത്. ഇതിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‍ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തതെന്നും കണ്ടെത്തി.
കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്‌റ്റ് ചെയ്‌തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്ക് എതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. പ്രതികൾക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമെ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം



































