കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. ജില്ലകളിൽ ഇന്ന് റെഡ് അലർട് തുടരുകയാണ്.
കോഴിക്കോട് ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾ, പിഎസ്സി പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓൺലൈൻ ക്ളാസുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിൽ ക്വാറി, ഖനന പ്രവർത്തനങ്ങൾ, മണ്ണെടുക്കൽ, കിണർ നിർമാണം എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ അടിയന്തര യാത്രകളല്ലാത്തവ ഒഴിവാക്കണമെന്നും നിർദ്ദേശം നൽകി.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറിത്താമസിക്കണം.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































