പട്‌ന: അധ്യാപക തസ്‌തികകൾ സ്വന്തമാക്കാൻ ബിഹാറിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലി നേടിയ 3035 അധ്യാപകരെ ബിഹാർ സർക്കാർ പിരിച്ചുവിട്ടു.
2006നും 2025നുമിടയിൽ നടന്ന അധ്യാപക നിയമനങ്ങളെ കുറിച്ച് സംസ്‌ഥാന വിജിലൻസ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണത്തെ തുടർന്നാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി പറഞ്ഞു. വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ ഹാജരാക്കിയാണ് പലരും നിയമനത്തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
കുറ്റാരോപിതരായ അധ്യാപകർക്കെതിരെ നിരവധി എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തതായി മന്ത്രി അറിയിച്ചു. ക്രമക്കേടിലൂടെ നിയമനം നേടിയ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. ഇവർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും.
സേവനകാലത്ത് നൽകിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും പലിശ സാഹിതം സംസ്‌ഥാന സർക്കാർ ഈടാക്കും. ചില അധ്യാപകർ രാജിവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകും.
Most Read| ഷെയ്ഖ് ഹസീന ബംഗ്ളാദേശിലേക്ക് മടങ്ങുന്നു; ഡിസംബറിൽ കീഴടങ്ങുമെന്ന് റിപ്പോർട്



































