ജനവിധി മാനിക്കണമെന്ന് ഹൈക്കോടതി; സുഗതന്റെ സത്യപ്രതിജ്‌ഞ നാളെ വിയ്യൂർ ജയിലിൽ

സുഗതൻ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വെച്ച് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.

By Senior Reporter, Malabar News
High Court

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്യാൻ ഹൈക്കോടതി അനുമതി. സുഗതൻ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വെച്ച് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.

തിരഞ്ഞെടുപ്പിൽ വിജയിച്ച സാഹചര്യത്തിൽ ജനവിധി മാനിക്കപ്പെടണമെന്ന് വിലയിരുത്തിയാണ് കോടതി അനുമതി നൽകിയത്. കേവലം സാങ്കേതിക നടപടിക്രമങ്ങളുടെ പേരിൽ ജനവിധി ഇല്ലാതാക്കരുതെന്നും തർക്കത്തിലുള്ള സത്യപ്രതിജ്‌ഞയുടെ പേരിൽ ജനാധിപത്യത്തിന്റെ സ്‌പന്ദനം തകരുന്ന സാഹചര്യമുണ്ടായാൽ അത് ഉയർത്തിപ്പിടിക്കുക എന്നത് കോടതിയുടെ കടമയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ മേയർക്കും അത്യാവശ്യമുള്ള കുറച്ച് ജീവനക്കാർക്കും ജയിൽ പരിസരത്ത് പ്രവേശിക്കാൻ അനുമതിയുണ്ടാകും. കൗൺസിലറുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായതിനാൽ ഇത് റിപ്പോർട് ചെയ്യാൻ അക്രഡിറ്റഡ് മാദ്ധ്യമപ്രവർത്തകർക്കും ജയിൽ സൂപ്രണ്ട് സൗകര്യം ഒരുക്കണമെന്നും ജസ്‌റ്റിസ്‌ പിവി കുഞ്ഞികൃഷ്‌ണന്റെ ഉത്തരവിൽ പറയുന്നു.

ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ സുഗതൻ അടക്കമുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ, സുഗതനൊഴികെ മറ്റു കൗൺസിലർമാർ ഇതിനകം സത്യപ്രതിജ്‌ഞ ചെയ്‌ത്‌ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.

നാലാഴ്‌ചയ്‌ക്കകം സത്യപ്രതിജ്‌ഞ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, കാപ്പ ചുമത്തി ജയിലിൽ അടച്ചത് കാരണം സത്യപ്രതിജ്‌ഞ ചെയ്യാനാകുന്നില്ല, സത്യപ്രതിജ്‌ഞ ചെയ്യുന്നതിൽ നിന്ന് സർക്കാർ തടയുന്നുവെന്നും സുഗതൻ കോടതിയിൽ വാദിച്ചു. എന്നാൽ, കാപ്പ തടവുകാരനായതിനാൽ പുറത്തുവിടാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി, ജനവിധിയെ മാനിച്ച് ജയിലിനുള്ളിൽ വെച്ച് ചടങ്ങ് നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Most Read| തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE