തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ അടക്കമുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനിടെ കാപ്പ കേസിൽ റിമാൻഡിലായ സുഗതന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായിരുന്നു.
ഇതോടെയാണ് ജാമ്യം തേടി സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് സുഗതൻ ഇന്ന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. തിരഞ്ഞെടുപ്പിൽ വിജയിച്ച സാഹചര്യത്തിൽ ജനവിധി മാനിക്കപ്പെടണമെന്ന് വിലയിരുത്തിയാണ് കോടതി അനുമതി നൽകിയത്.
അതേസമയം, തടവിൽ ഇളവ് നൽകാൻ കഴിയില്ലെന്ന കാപ്പ ഉപദേശക സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ നടത്തിയ ശേഷമുള്ള ആറുമാസം നടത്തുന്ന കൗൺസിൽ യോഗങ്ങളിൽ സുഗതന് പങ്കെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്.
ആറുമാസത്തേക്ക് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മേയർക്ക് സുഗതൻ കത്ത് നൽകിയിട്ടുണ്ട്. തക്കതായ കാരണമുണ്ടെങ്കിൽ മേയർക്ക് അവധി അനുവദിക്കാമെന്ന് കേരള മുനിസിപ്പൽ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അതിനാൽ സുഗതന്റെ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്







































